Wednesday 29 August 2012

എമര്‍ജിങ് കേരള: ഭൂമി കൈമാറ്റനീക്കം; അന്വേഷിക്കണമെന്ന് റവന്യൂ വകുപ്പ്


എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കുന്ന പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് കണ്ടെത്തി അടിയന്തര റിപ്പോര്‍ട്ട്സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് പരിസ്ഥിതിയുടെ ചുമതലയുള്ള സെക്രട്ടറി ജയിംസ് വര്‍ഗീസിന് നിര്‍ദേശം നല്‍കി. എമര്‍ജിങ് കേരളയുടെ മറവില്‍ ആയിരക്കണക്കിന് ഏക്കര്‍ റവന്യൂ-വനഭൂമി ഭൂമാഫിയക്ക് കൈമാറാന്‍ നീക്കമുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് റവന്യൂ മന്ത്രിയുടെ നടപടി.
എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച 90 ശതമാനം പദ്ധതികളും തണ്ണീതടങ്ങളും നെല്‍വയലുകളും നികത്തി സ്കൂളുകളും റിസോര്‍ട്ടുകളും ഹോട്ടലുകളും ഹെല്‍ത് ക്ളബുകളും സ്ഥാപിക്കുന്നതിനാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
അതേസമയം, നിക്ഷേപ സംഗമത്തില്‍ തൊഴില്‍സാധ്യതയുള്ള പുതിയ പദ്ധതികളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.പൊതുമേഖലയെ പൂര്‍ണമായും തഴഞ്ഞ് സ്വകാര്യ മേഖലക്ക് മുന്തിയ പരിഗണന നല്‍കുന്നതാണ് എമര്‍ജിങ് കേരളയിലെ പദ്ധതികളേറെയും. കഴക്കൂട്ടം ആറ്റിപ്രയിലെ അഞ്ചേക്കര്‍ റവന്യൂ ഭൂമി ഉള്‍പ്പെടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പതിച്ച് നല്‍കാനുള്ള നീക്കവും ഇതിന്റെ മറവില്‍ അരങ്ങേറുന്നതായാണ് വിവരം.
റവന്യൂ വകുപ്പിനു പിന്നാലെ വനംവകുപ്പും അന്വേഷണ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. വാഗമണ്‍, നെല്ലിയാമ്പതി, പീരുമേട്, കുട്ടിക്കാനം എന്നിവിടങ്ങളിലെ പുല്‍മേടുകള്‍ നശിപ്പിച്ച് ഹെല്‍ത്ത്, ഗോള്‍ഫ് ക്ളബുകളും റിസോര്‍ട്ടുകളും സ്ഥാപിക്കുന്നതിനെതിരെയാണ് വകുപ്പിന്റെ പരാതി. വാഗമണ്ണിലെ സര്‍ക്കാര്‍ ഭൂമി രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കൈമാറാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം.
ഇവിടെ 100 ഏക്കര്‍ സ്ഥലത്ത് ഗോള്‍ഫ് കോഴ്സും 300 ഏക്കറിലധികം സ്ഥലത്ത് ഹോട്ടല്‍, ഹെല്‍ത് ക്ളബ്, റിസോര്‍ട്ട് എന്നിവക്കും അനുമതി നല്‍കാന്‍ നീക്കം ശക്തമാണ്. വാഗമണ്ണില്‍ തന്നെ 50 ഏക്കര്‍ സ്ഥലത്ത് സാഹസിക സ്പോര്‍ട്സ് കേന്ദ്രത്തിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 40 കോട്ടേജുകളുള്ള റിസോര്‍ട്ട് സ്ഥാപിക്കുന്നതിന് 150 കോടിയുടെ പദ്ധതിയുമായാണ് സ്വകാര്യ സ്ഥാപനം എമര്‍ജിങ് കേരളയില്‍ എത്തുന്നത്. ഇതിനു പുറമേ ഗൈ്ളഡിങ്, ഗോ കാര്‍ട്ടിങ്, ട്രക്കിങ് എന്നിവക്കുള്ള അഞ്ചു കോടിയുടെ സ്പോര്‍ട്സ് കേന്ദ്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി-കോട്ടയം ജില്ലകളോട് ചേര്‍ന്നുകിടക്കുന്ന ഇലവീഴാപൂഞ്ചിറയില്‍ 200 കോടിയുടെ ടൂറിസം പദ്ധതിക്കും തത്വത്തില്‍ അനുമതി നല്‍കിക്കഴിഞ്ഞു. പീരുമേട്, കുട്ടിക്കാനം, മൂന്നാര്‍, ദേവികുളം, പൂപ്പാറ, സേനാപതി എന്നിവിടങ്ങളില്‍ പഞ്ച നക്ഷത്ര റിസോര്‍ട്ടുകള്‍ക്കും പീരുമേട് സര്‍ക്കാര്‍ ഗെസ്റ്റ്ഹൗസിനോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലത്ത് ഹെല്‍ത്ത് സ്പാ തുടങ്ങുന്നതിനും എമര്‍ജിങ് കേരളയില്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ബീച്ച് റിസോര്‍ട്ടുകള്‍ക്കാണ് മുന്‍ഗണന. ഇക്കോ റിസോര്‍ട്ടുകള്‍ക്കായി 300 കോടിയുടെ പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നാഷനല്‍ സ്കൂളുകള്‍ക്കായി 1500 കോടിയോളം രൂപയുടെ പദ്ധതികളാണ് നിക്ഷേപകര്‍ക്കായി കാത്തിരിക്കുന്നത്. തലശേരി ധര്‍മടത്ത് ഇന്റര്‍ നാഷനല്‍ അക്വോറിയം, വിനോദ സഞ്ചാര കപ്പല്‍ യാത്ര എന്നിവ ഉള്‍പ്പെടുന്ന ബൃഹത് പദ്ധതിക്കും സര്‍ക്കാര്‍ ഭൂമി കൈമാറാനാണ് ആലോചന.
എന്നാല്‍, ഈ രംഗത്തൊന്നും പൊതുമേഖലയിലുള്ള ഒരു സ്ഥാപനത്തിനും അനുമതി ഉണ്ടാവില്ല. അനുവദിക്കപ്പെട്ട പദ്ധതികളെല്ലാം പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് കോട്ടംതട്ടിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
കുമരകത്ത് നെല്‍വയലുകള്‍ വ്യാപകമായി നികത്തുന്ന ടൂറിസം പദ്ധതികള്‍ക്കാണ് മുന്‍ഗണന. എറണാകുളം-കോട്ടയം ജില്ലകളില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് ടൂറിസം വികസിപ്പിക്കുന്ന പദ്ധതികളും എമര്‍ജിങ് കേരളയില്‍ കടന്നുകൂടിയിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സംഘടിപ്പിച്ച 'ജിമ്മില്‍' അനുമതി കിട്ടാതെവന്ന പല പദ്ധതികളും പരിഷ്കരിച്ച രൂപത്തില്‍ എമര്‍ജിങ് കേരളയില്‍ ഇടംപിടിച്ചിട്ടുണ്ട്. വാഗമണ്ണില്‍ പുല്‍മേടുകള്‍ക്കു പുറമേ യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ വെട്ടിമാറ്റി ടൂറിസത്തിന് കളമൊരുക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇതിനായി ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി സ്വകാര്യ മേഖലക്ക് കൈമാറാനാണ് തീരുമാനം.
സ്വദേശത്തും വിദേശത്തുമുള്ള വന്‍കിടക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പദ്ധതികള്‍ക്കെന്ന പേരില്‍ ആയിരക്കണക്കിന് ഏക്കര്‍ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനവേണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ട പ്രകാരം ലാന്‍ഡ് റവന്യൂ കമീഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വ്യവസായ വകുപ്പിന്റെ എമര്‍ജിങ് കേരള പരിപാടിയില്‍ വ്യാപകമായി റവന്യൂ ഭൂമി കൈമാറുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന ശേഷമാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

ഇത് മായി ബന്ധപ്പെട്ടു മാധ്യമത്തില്‍ വന്ന വാര്‍ത്ത കാണാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 

http://www.madhyamam.com/news/187668/120829

Tuesday 21 August 2012

സി.പി.എമ്മിന്റെ വിലക്കയറ്റത്തിനെതിരായ കലക്ട്രേറ്റ്‌ ഉപരോധം തട്ടിപ്പ് ..എമെര്‍ജിംഗ് കേരളയ്ക്കെതിരായ ജനകീയ കൂട്ടായ്മ

എമെര്‍ജിംഗ് കേരളത്തിനെതിരെ ജനകീയകൂട്ടായ്മയുടെ എറണാകുളം ജില്ലാ സമിതി രൂപീകരണ യോഗം  20 .08 .2012 ല്‍ എറണാകുലത്ത് വച്ച് ചേര്‍ന്നു.സ്വപ്നേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എമെര്‍ജിംഗ് കേരളയ്ക്കെതിരായി ശക്തമായ പ്രചരണ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചു .കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ എമെര്‍ജിംഗ് കേരള മുന്നോട്ടു വയ്ക്കുന്ന ജനവിരുദ്ധ നയത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ് .വിലക്കയറ്റത്തിനെതിരെ ഓഗസ്റ്റ് 22 നു സി.പി.എം പ്രഖ്യാപിച്ചിട്ടുള്ള കലക്ട്രേറ്റ്‌ മാര്‍ച് ശുദ്ധ തട്ടിപ്പാണ് എന്ന് യോഗം വിലയിരുത്തി .വിലക്കയറ്റത്തിനു ആധാരമായ നയങ്ങളെ എതിര്‍ക്കുന്നതിനു തയ്യാറാകാതെ വിലക്കയറ്റത്തിനു കാരണമായ വികസന നയം നടപ്പിലാക്കപ്പെടുന്നില്ല എന്നാണ് സി.പി.ഐ.എം. വിലപിക്കുന്നത് .തികച്ചും സൌജന്യ നിരക്കിനു കേരളത്തിന്റെ പ്രകൃതി സമ്പത്തും മാനവശേഷിയും വില്‍പ്പനയ്ക്ക് വയ്ക്കുന്ന നയത്തിനെതിരെ പ്രതികരിക്കാന്‍ സി.പി.എം. തയ്യാറായിട്ടില്ല .ഇത് സി.പി.എമ്മിന്റെ ജനവഞ്ചനയെയാണ് തുറന്നു കാണിക്കുന്നത് .എമെര്‍ജിംഗ് കേരളയ്ക്കെതിരായ പ്രചരണ പരിപാടികളുടെ ഭാഗമായി സെപ്ടേംബര്‍ 5 നു ജില്ലാ തല കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു .കണ്‍വന്‍ഷന്റെ പ്രചരണാര്‍ത്ഥം സെപ്ടേംബര്‍ 1 ,2 ,തീയതികളില്‍ എറണാകുളം ജില്ലയില്‍ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും .സംഘാടക സമിതി രൂപീകരണ  യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ തുഷാര്‍ നിര്‍മല്‍ സാരഥി ,ട്രെഷറര്‍ പി.ജെ.മാനുവല്‍ ,ജോയിന്റ്റ് കണ്‍വീനര്‍മാരായ ജോളി ചിറയത്ത്,സ്വപ്നേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.സംഘാടക സമിതി ഭാരവാഹികളായി സ്വപ്നേഷ് ബാബു (ചെയര്‍ പെഴ്സന്‍ ), സുജ ഭാരതി ,അഷറഫ് (വൈസ് ചെയര്‍ പെഴ്സണ്‍സ് ),പ്രശാന്ത് എ.ബി.(കണ്‍ വീനര്‍ ),ജൈസന്‍ സി.കൂപ്പര്‍ , മണികണ്‍ടന്‍ (ജോയിന്റ് കണ്‍വീനഴ്സ്  )ഉണ്ണികൃഷ്ണന്‍ (ട്രെഷറര്‍ )എന്നിവരടങ്ങുന്ന പതിനാറംഗ എക്സിക്കൂട്ടീവിനെ തെരഞ്ഞെടുത്തു .എമെര്‍ജിംഗ് കേരള എന്ന വിനാശ വികസന പദ്ധതിയ്ക്കെതിരെ മുഴുവന്‍ ജനങ്ങളും ഒന്നിച്ചു രംഗത്ത് വരണമെന്ന് യോഗം ആഹ്വാനം ചെയ്തു.

എമെര്‍ജിംഗ് കേരളയ്ക്കെതിരെ ജനകീയ കൂട്ടായ്മയുടെ തൃശൂര്‍ ജില്ലാ സമിതി രൂപീകരിച്ചു .

എമെര്‍ജിംഗ് കേരളയ്ക്കെതിരെ ജനകീയ കൂട്ടായ്മയുടെ തൃശൂര്‍ ജില്ലാ സമിതി രൂപീകരിച്ചു .തൃശൂര്‍ പി.ജി.സെന്ററില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന എക്സികൂട്ടീവ് അംഗം സി.യെ.അജിതന്‍ ജനറല്‍ കണ്‍വീനര്‍ തുഷാര്‍ നിര്‍മല്‍ സാരഥി തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു .കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു .എമെര്‍ജിംഗ് കേരള ജനപക്ഷത്ത് നിന്ന് കൊണ്ടുള്ള വികസനത്തെയല്ല മുന്നോട്ടു വയ്ക്കുന്നത് എന്ന് യോഗം വിലയിരുത്തി .സ്വാഭിമാനത്ത്തിലും സ്വാശ്രയത്തിലും ഊന്നി കൊണ്ടുള്ള വികസനത്തിന് പകരം സ്വകാര്യ മൂലധനത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ജനങ്ങളുടെ ജീവിതം പന്താടുന്ന , കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും മാനവവിഭവശേഷിയും തുശ്ചമായ നിരക്കില്‍ സ്വകാര്യ സംരംഭകര്‍ക്ക് വിട്ടുകൊടുക്കുന്ന പദ്ധതിയാണ് എമെര്‍ജിംഗ് കേരള.ഇതിനെതിരെ ശക്തമായ പ്രചാരണ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു .ഇതിന്റെ ഭാഗമായി സെപ്ടേംബര്‍ ആദ്യ വാരം തൃശൂര്‍ ജില്ലയില്‍ സാംസ്കാരിക പ്രതിരോധവും പ്രതിഷേധ സമ്മേളനവും സംഘടി പ്പിക്കാന്‍ തീരുമാനിച്ചു .സംഘാടക സമിതി ഭാരവാഹികളായി മുഹമ്മദ്‌ റഫീക്ക് (ചെയര്‍ പെഴ്സന്‍ ) , വര്‍ഗീസ്‌ ഇടക്കളത്തുര്‍ (വൈസ് ചെയര്‍ പെഴ്സന്‍ ), പി.സി.സാജു (കണ്‍വീനര്‍ ), ആല്‍ബിന്‍ എം.യു.(ജോയിന്റ് കണ്‍വീനര്‍ ) വിന്‍സെന്റ് ചിറയത്ത് (ട്രെഷറര്‍ )എന്നിവരടങ്ങുന്ന പതിമൂന്നംഗ എക്സിക്കൂട്ടീവ് കമ്മിറ്റിയും കെ.ജി.ശങ്കരപ്പിള്ള , ടി.കെ.വാസു , പി.ജെ.മോന്‍സി എന്നിവരടങ്ങുന്ന രക്ഷാധികാരസമിതിയും രൂപീകരിച്ചു .


Monday 13 August 2012

2012 ഓഗസ്റ്റ്‌ 12 ന് എറണാകുളത്തു വെച്ച് നടന്ന എമെര്‍ജിംഗ് കേരളയ്ക്കെതിരെ ജനകീയ കൂട്ടായ്മ രൂപികരണ യോഗത്തിലേക്ക് ജസ്റ്റിസ് വി .ആര്‍ .കൃഷ്‌ണ്ണയ്യര്‍ അയച്ചുതന്ന ആശംസ സന്ദേശം

'എമര്‍ജിംഗ് കേരള - 2012 '-മുതലാളിത്ത വികസന ആഭാസം


പത്രപ്രസ്താവന 

'എമര്‍ജിംഗ് കേരള - 2012 '-മുതലാളിത്ത വികസന ആഭാസം 

സെപ്റ്റംബര്‍ 12 , 13 ,  14 തീയതികളില്‍ കേരളത്തെ വികസിപ്പിക്കാനെന്ന പേരില്‍ നടത്തുന്ന എമര്‍ജിംഗ് കേരള മുതല്‍ മുടക്ക് മേളക്കെതിരെ സംസ്ഥാന തല ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി. ഒട്ടും പ്രത്യുല്‍പാദനപരമല്ലാത്തതും, കേരളത്തിന്റെ സമൃദ്ധമായ വിഭവ സമ്പത്തുകളെയും  മാനവ വിഭവ ശേഷിയും ചൂഷണം ചെയ്യുന്നതിനും  കൊള്ളയടിക്കുന്നതിനും മാത്രമുള്ള പദ്ധതികളാണ് എമര്‍ജിംഗ് കേരളയില്‍ മുന്നോട്ടു വെയ്ക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസമ്പത്തിനെ  നിസാര വിലയ്ക്ക് മൂലധന ശക്തികള്‍ക്കു കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്.  ഇത് കേരളത്തിന്റെ യഥാര്‍ത്ഥ വികസനതെയല്ല വിനാശത്തെയാണ്‌  പ്രതിനിധാനം ചെയ്യുന്നതെന്ന്  എറണാകുളത്ത്   ചേര്‍ന്ന സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ യോഗം വിലയിരുത്തി.
അഡ്വ. പി.എ. പൌരന്റെഅധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി. ജെ. മാനുവല്‍, എം. എന്‍. രാവുണ്ണി, ഡോ. ഹരി. പി.ജി., അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി, വാസുക്കുട്ടന്‍, ജോളി ചിറയത്ത് , ജേക്കബ്‌  എം.വൈ., ജോയി വി.കെ., രവി തുടങ്ങിയവര്‍ സംസാരിച്ചു. ജസ്റിസ് വി ആര്‍. കൃഷ്ണയ്യര്‍   സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയ്ക്ക്  വേണ്ടി പോരാടാന്‍ ആഹ്വാനം  ചെയ്തു കൊണ്ട് നല്‍കിയ ആശംസ സന്ദേശം സി. എ. അജിതന്‍ യോഗത്തില്‍ വായിച്ചു. പരാശ്രയത്വത്തിനും  സാമ്പത്തിക തകര്‍ച്ചയ്ക്കും കാരണമാകുന്ന എമര്‍ജിംഗ് കേരളക്കെതിരെ  ചെറുത്തുനില്‍പ്പ്  സംഘടിപ്പിക്കുവാന്‍ പുരോഗമന ജനാധിപത്യ വിപ്ലവശക്തികളോട്  ആഹ്വാനം  ചെയ്തുകൊണ്ടും  എമര്‍ജിംഗ് കേരളയുടെ മറവില്‍ നടപ്പിലാക്കുന്ന മുതലാളിത്ത വികസന ആഭാസത്തിനെതിരെ  കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യോഗം അംഗീകരിച്ചു.
എമര്‍ജിംഗ് കേരളക്കെതിരെ പ്രചാരണ പ്രതിഷേധ പരിപാടികള്‍  സംഘടിപ്പിക്കുന്നതിനായി   ഗ്രോ വാസു ചെയര്‍ പേഴ്സനും അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി ജന: കണ്‍വീനറുമായി  എമ ര്‍ജിംഗ് കേരളക്കെതിരെ ജനകീയ കൂട്ടായ്മക്ക് യോഗം രൂപം നല്‍കി. ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍  രക്ഷാധികാരിയും അഡ്വ. കെ. എസ്. മധുസൂദനന്‍, സി ആര്‍, നീലകണ്ഠന്‍, പ്രൊഫ. കുസുമം ജോസഫ്, കെ അജിത  എന്നിവരടങ്ങുന്ന  ഉപദേശക സമിതിയും രൂപീകരിച്ചു. അഡ്വ. പി. എ പൌരന്‍ , എം. എന്‍. രാവുണ്ണി, കെ. എസ്. ഹരിഹരന്‍, എന്‍ സുബ്രമണ്യന്‍ എന്നിവരെ വൈസ് ചെയര്‍ പെഴ്സന്‍ മാരായും  പി. ജെ. മോന്‍സി, ജോളി  ചിറയത്ത് , സ്വപ്നേഷ് ബാബു എന്നിവര്‍ കണ്‍വീനര്‍ മാരായും   ജോണ്‍ പെരുവന്താനം, വാസുക്കുട്ടന്‍, ജേക്കബ്‌ എം. വൈ., വി. കെ. ജോയി, സി എ . അജിതന്‍, ഡോ. ഹരി എന്നിവരെ എക്സിക്യുടിവ് അംഗങ്ങളായും പി. ജെ. മനുവലിനെ ട്രഷററായും യോഗം തെരഞ്ഞെടുത്തു 

Sunday 12 August 2012

'എമെര്‍ജിംഗ് കേരള ' -കേരളത്തെ തകര്‍ക്കുന്ന മുതലാളിത്ത വികസന ആഭാസത്തെ ചെറുത്തു തോല്‍പ്പിക്കുക


2012 ഓഗസ്റ്റ്‌ 12 നു എറണാകുളത്തു ചേര്‍ന്ന  'എമെര്‍ജിംഗ് കേരള ' ക്കെതിരായ ജനകീയ കൂട്ടായ്മ രൂപീകരണ യോഗത്തില്‍ അംഗീകരിച്ച പ്രമേയം 

ഇന്ത്യ അതിന്‍റെ 65 )൦ സ്വാതന്ത്ര്യം ആഘോഷിക്കാനിരിക്കുകയാണ് . എന്നാല്‍ കേരളത്തെ ആഗോള മുതലാളിത്ത സമ്പദ് ഘടനയോടും സാമ്രാജ്യത്ത - പ്രത്യേകിച്ച് യു . എസ് സാമ്രാജ്യത്ത പുത്തന്‍ കൊളോണിയല്‍ അധികാര ആധിപത്യത്തോട്‌ ഇനിയും കൂടുതല്‍ 'മെര്‍ജ്ജു' ചെയ്യാന്‍  (സംയോജിപ്പിക്കാന്‍ ) ഉള്ള തദ്ദേശ വൈദേശിക അധികാര ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായി സെപ്റ്റംബര്‍ 12 , 13 , 14  തിയ്യതികളില്‍ കേരളത്തെ വികസിപ്പിക്കാനെന്ന പേരില്‍  ' എമെര്‍ജിംഗ് കേരള ' മുതല്‍ മുടക്ക് സംഗമം എന്ന വിരോധാഭാസം അരങ്ങേറുകയാണ് .  

ഒട്ടും പ്രത്യുല്പാദനപരമല്ലാത്ത, അതേ സമയം കേരളത്തിന്‍റെ സമ്പുഷ്ടമായ വിഭവ സമ്പത്തുകളെയും , സമ൪ത്ഥവും  വിപുലവുമായ മാനവ  വിഭവ ശേഷി യെയും കൊള്ളയടിക്കാനും പ്രകൃതി രമണീയതയെ ചൂഷണം ചെയ്യാനും മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതികളാണ്  ഇതില്‍ മുന്നോട്ടു വെക്കപ്പെടുന്നത് . വിവധ തരം ടൂറിസം ആണ് ഒരു പ്രധാന ഇനം . ഔട്ട്‌ സോര്‍സിങ്ങും മറ്റും അതിനു താഴെയായി വരുന്നു. ഇവക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്നതും ഈ വികസന പ്രക്രിയയുടെ ഭാഗമാണ് . അതിനുള്ള നിയമ ഭേദഗതികളും നിര്‍മ്മാണങ്ങളും നേരത്തെ തന്നെ വരുത്തി കഴിഞ്ഞു . രൂക്ഷമായ വ്യവസ്ഥാ പ്രതിസന്ധിയിലും തകര്‍ച്ചയിലും അകപ്പെട്ടിട്ടുള്ള ആഗോള മുതലാളിത്ത സമ്പത്ത് ഘടനയുമായി കൂടുതല്‍ കൂട്ടി കെട്ടുന്ന ഈ വികസന പദ്ധതി കേരളത്തിന്‍റെ തനതായ ഭൌമ സംതുലിതാവസ്തയെയും , പരിസ്ഥിതിയെയും , സംസ്കാരത്തെയും , മനോഘടനയെ തന്നെയും തകിടം മറിക്കുന്നതും ജീര്‍ണ മാക്കുന്നതും  ആണ് . മുന്‍ കാലങ്ങളിലെന്നപ്പോലെ  കേരളത്തിന്‍റെ യഥാര്‍ഥ വികസനത്തെയല്ല  വിനാശത്തെയായിരിക്കും ഇത് പ്രതിനിധാനം ചെയ്യുക എന്ന് ഈ യോഗം വിലയിരുത്തുന്നു . അത് കൊണ്ട് തന്നെ സാമ്രാജ്യത്വ കടവും മുതല്‍ മുടക്കും കൊണ്ട് പരാശ്രിതവും തകര്‍ന്നു കൊണ്ടിരിക്കുന്നതുമായ കേരളത്തെ കൂടുതല്‍ നാശോന്മുഘമാക്കുന്ന 'എമെര്‍ജിംഗ് കേരള ' മുതല്‍ മുടക്ക് മേള ക്കെതിരായി ഈ യോഗം അതിന്‍റെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നു . കേരളത്തെ തകര്‍ക്കുന്ന മുതലാളിത്ത വികസന ആഭാസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ രാജ്യ സ്നേഹികളും ജനാധിപത്യവാദികളും വിപ്ലവകാരികളും-ശക്തികളും അണിനിരക്കണമെന്നു ഈ യോഗം ആഹ്വാനം ചെയ്യുന്നു