Wednesday 29 August 2012

എമര്‍ജിങ് കേരള: ഭൂമി കൈമാറ്റനീക്കം; അന്വേഷിക്കണമെന്ന് റവന്യൂ വകുപ്പ്


എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കുന്ന പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് കണ്ടെത്തി അടിയന്തര റിപ്പോര്‍ട്ട്സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് പരിസ്ഥിതിയുടെ ചുമതലയുള്ള സെക്രട്ടറി ജയിംസ് വര്‍ഗീസിന് നിര്‍ദേശം നല്‍കി. എമര്‍ജിങ് കേരളയുടെ മറവില്‍ ആയിരക്കണക്കിന് ഏക്കര്‍ റവന്യൂ-വനഭൂമി ഭൂമാഫിയക്ക് കൈമാറാന്‍ നീക്കമുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് റവന്യൂ മന്ത്രിയുടെ നടപടി.
എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച 90 ശതമാനം പദ്ധതികളും തണ്ണീതടങ്ങളും നെല്‍വയലുകളും നികത്തി സ്കൂളുകളും റിസോര്‍ട്ടുകളും ഹോട്ടലുകളും ഹെല്‍ത് ക്ളബുകളും സ്ഥാപിക്കുന്നതിനാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
അതേസമയം, നിക്ഷേപ സംഗമത്തില്‍ തൊഴില്‍സാധ്യതയുള്ള പുതിയ പദ്ധതികളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.പൊതുമേഖലയെ പൂര്‍ണമായും തഴഞ്ഞ് സ്വകാര്യ മേഖലക്ക് മുന്തിയ പരിഗണന നല്‍കുന്നതാണ് എമര്‍ജിങ് കേരളയിലെ പദ്ധതികളേറെയും. കഴക്കൂട്ടം ആറ്റിപ്രയിലെ അഞ്ചേക്കര്‍ റവന്യൂ ഭൂമി ഉള്‍പ്പെടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പതിച്ച് നല്‍കാനുള്ള നീക്കവും ഇതിന്റെ മറവില്‍ അരങ്ങേറുന്നതായാണ് വിവരം.
റവന്യൂ വകുപ്പിനു പിന്നാലെ വനംവകുപ്പും അന്വേഷണ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. വാഗമണ്‍, നെല്ലിയാമ്പതി, പീരുമേട്, കുട്ടിക്കാനം എന്നിവിടങ്ങളിലെ പുല്‍മേടുകള്‍ നശിപ്പിച്ച് ഹെല്‍ത്ത്, ഗോള്‍ഫ് ക്ളബുകളും റിസോര്‍ട്ടുകളും സ്ഥാപിക്കുന്നതിനെതിരെയാണ് വകുപ്പിന്റെ പരാതി. വാഗമണ്ണിലെ സര്‍ക്കാര്‍ ഭൂമി രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കൈമാറാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം.
ഇവിടെ 100 ഏക്കര്‍ സ്ഥലത്ത് ഗോള്‍ഫ് കോഴ്സും 300 ഏക്കറിലധികം സ്ഥലത്ത് ഹോട്ടല്‍, ഹെല്‍ത് ക്ളബ്, റിസോര്‍ട്ട് എന്നിവക്കും അനുമതി നല്‍കാന്‍ നീക്കം ശക്തമാണ്. വാഗമണ്ണില്‍ തന്നെ 50 ഏക്കര്‍ സ്ഥലത്ത് സാഹസിക സ്പോര്‍ട്സ് കേന്ദ്രത്തിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 40 കോട്ടേജുകളുള്ള റിസോര്‍ട്ട് സ്ഥാപിക്കുന്നതിന് 150 കോടിയുടെ പദ്ധതിയുമായാണ് സ്വകാര്യ സ്ഥാപനം എമര്‍ജിങ് കേരളയില്‍ എത്തുന്നത്. ഇതിനു പുറമേ ഗൈ്ളഡിങ്, ഗോ കാര്‍ട്ടിങ്, ട്രക്കിങ് എന്നിവക്കുള്ള അഞ്ചു കോടിയുടെ സ്പോര്‍ട്സ് കേന്ദ്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി-കോട്ടയം ജില്ലകളോട് ചേര്‍ന്നുകിടക്കുന്ന ഇലവീഴാപൂഞ്ചിറയില്‍ 200 കോടിയുടെ ടൂറിസം പദ്ധതിക്കും തത്വത്തില്‍ അനുമതി നല്‍കിക്കഴിഞ്ഞു. പീരുമേട്, കുട്ടിക്കാനം, മൂന്നാര്‍, ദേവികുളം, പൂപ്പാറ, സേനാപതി എന്നിവിടങ്ങളില്‍ പഞ്ച നക്ഷത്ര റിസോര്‍ട്ടുകള്‍ക്കും പീരുമേട് സര്‍ക്കാര്‍ ഗെസ്റ്റ്ഹൗസിനോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലത്ത് ഹെല്‍ത്ത് സ്പാ തുടങ്ങുന്നതിനും എമര്‍ജിങ് കേരളയില്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ബീച്ച് റിസോര്‍ട്ടുകള്‍ക്കാണ് മുന്‍ഗണന. ഇക്കോ റിസോര്‍ട്ടുകള്‍ക്കായി 300 കോടിയുടെ പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നാഷനല്‍ സ്കൂളുകള്‍ക്കായി 1500 കോടിയോളം രൂപയുടെ പദ്ധതികളാണ് നിക്ഷേപകര്‍ക്കായി കാത്തിരിക്കുന്നത്. തലശേരി ധര്‍മടത്ത് ഇന്റര്‍ നാഷനല്‍ അക്വോറിയം, വിനോദ സഞ്ചാര കപ്പല്‍ യാത്ര എന്നിവ ഉള്‍പ്പെടുന്ന ബൃഹത് പദ്ധതിക്കും സര്‍ക്കാര്‍ ഭൂമി കൈമാറാനാണ് ആലോചന.
എന്നാല്‍, ഈ രംഗത്തൊന്നും പൊതുമേഖലയിലുള്ള ഒരു സ്ഥാപനത്തിനും അനുമതി ഉണ്ടാവില്ല. അനുവദിക്കപ്പെട്ട പദ്ധതികളെല്ലാം പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് കോട്ടംതട്ടിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
കുമരകത്ത് നെല്‍വയലുകള്‍ വ്യാപകമായി നികത്തുന്ന ടൂറിസം പദ്ധതികള്‍ക്കാണ് മുന്‍ഗണന. എറണാകുളം-കോട്ടയം ജില്ലകളില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് ടൂറിസം വികസിപ്പിക്കുന്ന പദ്ധതികളും എമര്‍ജിങ് കേരളയില്‍ കടന്നുകൂടിയിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സംഘടിപ്പിച്ച 'ജിമ്മില്‍' അനുമതി കിട്ടാതെവന്ന പല പദ്ധതികളും പരിഷ്കരിച്ച രൂപത്തില്‍ എമര്‍ജിങ് കേരളയില്‍ ഇടംപിടിച്ചിട്ടുണ്ട്. വാഗമണ്ണില്‍ പുല്‍മേടുകള്‍ക്കു പുറമേ യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ വെട്ടിമാറ്റി ടൂറിസത്തിന് കളമൊരുക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇതിനായി ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി സ്വകാര്യ മേഖലക്ക് കൈമാറാനാണ് തീരുമാനം.
സ്വദേശത്തും വിദേശത്തുമുള്ള വന്‍കിടക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പദ്ധതികള്‍ക്കെന്ന പേരില്‍ ആയിരക്കണക്കിന് ഏക്കര്‍ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനവേണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ട പ്രകാരം ലാന്‍ഡ് റവന്യൂ കമീഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വ്യവസായ വകുപ്പിന്റെ എമര്‍ജിങ് കേരള പരിപാടിയില്‍ വ്യാപകമായി റവന്യൂ ഭൂമി കൈമാറുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന ശേഷമാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

ഇത് മായി ബന്ധപ്പെട്ടു മാധ്യമത്തില്‍ വന്ന വാര്‍ത്ത കാണാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 

http://www.madhyamam.com/news/187668/120829

No comments:

Post a Comment