Monday 13 August 2012

'എമര്‍ജിംഗ് കേരള - 2012 '-മുതലാളിത്ത വികസന ആഭാസം


പത്രപ്രസ്താവന 

'എമര്‍ജിംഗ് കേരള - 2012 '-മുതലാളിത്ത വികസന ആഭാസം 

സെപ്റ്റംബര്‍ 12 , 13 ,  14 തീയതികളില്‍ കേരളത്തെ വികസിപ്പിക്കാനെന്ന പേരില്‍ നടത്തുന്ന എമര്‍ജിംഗ് കേരള മുതല്‍ മുടക്ക് മേളക്കെതിരെ സംസ്ഥാന തല ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി. ഒട്ടും പ്രത്യുല്‍പാദനപരമല്ലാത്തതും, കേരളത്തിന്റെ സമൃദ്ധമായ വിഭവ സമ്പത്തുകളെയും  മാനവ വിഭവ ശേഷിയും ചൂഷണം ചെയ്യുന്നതിനും  കൊള്ളയടിക്കുന്നതിനും മാത്രമുള്ള പദ്ധതികളാണ് എമര്‍ജിംഗ് കേരളയില്‍ മുന്നോട്ടു വെയ്ക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസമ്പത്തിനെ  നിസാര വിലയ്ക്ക് മൂലധന ശക്തികള്‍ക്കു കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്.  ഇത് കേരളത്തിന്റെ യഥാര്‍ത്ഥ വികസനതെയല്ല വിനാശത്തെയാണ്‌  പ്രതിനിധാനം ചെയ്യുന്നതെന്ന്  എറണാകുളത്ത്   ചേര്‍ന്ന സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ യോഗം വിലയിരുത്തി.
അഡ്വ. പി.എ. പൌരന്റെഅധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി. ജെ. മാനുവല്‍, എം. എന്‍. രാവുണ്ണി, ഡോ. ഹരി. പി.ജി., അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി, വാസുക്കുട്ടന്‍, ജോളി ചിറയത്ത് , ജേക്കബ്‌  എം.വൈ., ജോയി വി.കെ., രവി തുടങ്ങിയവര്‍ സംസാരിച്ചു. ജസ്റിസ് വി ആര്‍. കൃഷ്ണയ്യര്‍   സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയ്ക്ക്  വേണ്ടി പോരാടാന്‍ ആഹ്വാനം  ചെയ്തു കൊണ്ട് നല്‍കിയ ആശംസ സന്ദേശം സി. എ. അജിതന്‍ യോഗത്തില്‍ വായിച്ചു. പരാശ്രയത്വത്തിനും  സാമ്പത്തിക തകര്‍ച്ചയ്ക്കും കാരണമാകുന്ന എമര്‍ജിംഗ് കേരളക്കെതിരെ  ചെറുത്തുനില്‍പ്പ്  സംഘടിപ്പിക്കുവാന്‍ പുരോഗമന ജനാധിപത്യ വിപ്ലവശക്തികളോട്  ആഹ്വാനം  ചെയ്തുകൊണ്ടും  എമര്‍ജിംഗ് കേരളയുടെ മറവില്‍ നടപ്പിലാക്കുന്ന മുതലാളിത്ത വികസന ആഭാസത്തിനെതിരെ  കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യോഗം അംഗീകരിച്ചു.
എമര്‍ജിംഗ് കേരളക്കെതിരെ പ്രചാരണ പ്രതിഷേധ പരിപാടികള്‍  സംഘടിപ്പിക്കുന്നതിനായി   ഗ്രോ വാസു ചെയര്‍ പേഴ്സനും അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി ജന: കണ്‍വീനറുമായി  എമ ര്‍ജിംഗ് കേരളക്കെതിരെ ജനകീയ കൂട്ടായ്മക്ക് യോഗം രൂപം നല്‍കി. ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍  രക്ഷാധികാരിയും അഡ്വ. കെ. എസ്. മധുസൂദനന്‍, സി ആര്‍, നീലകണ്ഠന്‍, പ്രൊഫ. കുസുമം ജോസഫ്, കെ അജിത  എന്നിവരടങ്ങുന്ന  ഉപദേശക സമിതിയും രൂപീകരിച്ചു. അഡ്വ. പി. എ പൌരന്‍ , എം. എന്‍. രാവുണ്ണി, കെ. എസ്. ഹരിഹരന്‍, എന്‍ സുബ്രമണ്യന്‍ എന്നിവരെ വൈസ് ചെയര്‍ പെഴ്സന്‍ മാരായും  പി. ജെ. മോന്‍സി, ജോളി  ചിറയത്ത് , സ്വപ്നേഷ് ബാബു എന്നിവര്‍ കണ്‍വീനര്‍ മാരായും   ജോണ്‍ പെരുവന്താനം, വാസുക്കുട്ടന്‍, ജേക്കബ്‌ എം. വൈ., വി. കെ. ജോയി, സി എ . അജിതന്‍, ഡോ. ഹരി എന്നിവരെ എക്സിക്യുടിവ് അംഗങ്ങളായും പി. ജെ. മനുവലിനെ ട്രഷററായും യോഗം തെരഞ്ഞെടുത്തു 

No comments:

Post a Comment